Connect with us

Kerala

ന്യൂനപക്ഷങ്ങളിലെ മധ്യവര്‍ഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തതായി സി പി എം വിലയിരുത്തല്‍

Published

|

Last Updated

ന്യൂഡല്‍ഹി | നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് ആത്മവിശ്വാസത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ പാര്‍ട്ടിയോട് അടുപ്പിക്കാനുള്ള നീക്കവുമായി സി പി എം. കേരളത്തില്‍ ന്യൂനപക്ഷ വിഭാഗങ്ങളില മധ്യവര്‍ഗം പാര്‍ട്ടിയോട് കൂടുതല്‍ അടുത്തതായും അവരില്‍ നിന്ന് മികച്ച കേഡര്‍മാരെ കണ്ടെത്തി പാര്‍ട്ടി വളര്‍ത്തണമെന്നും സി പി എം കേന്ദ്രകമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ വിഭാഗങ്ങളിലേക്ക് പാര്‍ട്ടി കൂടുതല്‍ ഇറങ്ങിച്ചെല്ലണം. ഇതിന് വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

കേരളത്തില്‍ ബി ജെ പി സീറ്റ് നേടിയില്ലെങ്കിലും പാര്‍ട്ടി ദുര്‍ബലമായെന്ന് കരുതാന്‍ പാടില്ല. ഒമ്പത് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബി ജെ പി വലിയ പണമാണ് തെരഞ്ഞെടുപ്പിനായി ഇത്തവണ ഉപയോഗിച്ചിട്ടുള്ളത്. പല മണ്ഡലങ്ങളിലും ബി ജെ പിയോട് അടുപ്പം തോന്നാത്തവരുടെ വോട്ടുകള്‍ യു ഡി എഫിലേക്ക് പോയിട്ടുണ്ട്. അത്തരം വോട്ടുകള്‍ പിടിക്കാന്‍ ശ്രദ്ധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരില്‍ പാര്‍ലിമെന്ററി വ്യാമോഹം കൂടിയെന്നതിന് തെളിവാണ് കുറ്റ്യാടി, പൊന്നാനി എന്നിവിടങ്ങളില്‍ നടന്ന പരസ്യപ്രകടനം. ഇത് തിരുത്തി തന്നെ പോകണമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തുന്നു.