Kerala
അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും നടപടിയില്ല; എം എസ് എഫ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണവുമായി 'ഹരിത'
മലപ്പുറം | എം എസ് എഫ് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ പരാതി ഉന്നയിച്ചതില്‍ കൂടുതല്‍ വിശദീകരണവുമായി “ഹരിത” നേതാവ് എം ഷിഫ. സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹരിത ഭാരവാഹികളുടെ പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നിട്ടും നടപടി ഉണ്ടായില്ലെന്ന് എം എസ് എഫ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ ഷിഫ പറഞ്ഞു. ദേശീയ നേതൃത്വം റിപ്പോര്‍ട്ട് നല്‍കിയിട്ട് 38 ദിവസമായി. എന്നിട്ടും ഇതാണ് അവസ്ഥ. “ഹരിത”യില്‍ പ്രവര്‍ത്തിക്കാത്തയാളെ പ്രസിഡന്റ് പി കെ നവാസ് സംഘടനയുടെ മലപ്പുറം ജില്ലാ പ്രസിഡന്റാക്കിയെന്നും ചോദ്യം ചെയ്തവരെ ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും ഹരിത നേതാവ് ആരോപിച്ചു.
പി കെ നവാസ്, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. നേതാക്കള്‍ മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് പരാതിയിലുള്ളത്. നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഇവര്‍ക്കെതിരെ ഹരിത ഭാരവാഹികള്‍ ആരോപണം ഉന്നയിച്ചിരുന്നു. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ആരോപണമുണ്ടായിരുന്നു. മുസലിം ലീഗ് നേതൃത്വത്തിനെതിരെ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്.